Log in
English

നീൽ മാധവ് ഭഗവാൻ ജഗന്നാഥ് ആകുന്നു: ദൈവിക പരിവർത്തനത്തിൻ്റെ കഥ

Jul 24th, 2024 | 4 Min Read
Blog Thumnail

Category: Vedic Tales

|

Language: Malayalam

ഭഗവാൻ ജഗന്നാഥൻ്റെ ഉത്ഭവത്തെകുറിച്ച്  പല ഐതിഹ്യങ്ങൾ വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. സ്കന്ദപുരാണത്തിലെ പുരുഷോത്തമക്ഷേത്ര മാഹാത്മ്യവും ഒഡീഷയിലെ ജഗന്നാഥ പാരമ്പര്യത്തിൽ നിന്നുള്ള ജനപ്രിയ കഥകളുമാണ് നാം ഇവിടെ പരാമർശിക്കുന്നത്.

ഭഗവാൻ ജഗന്നാഥൻ്റെ ഉത്ഭവത്തെകുറിച്ച്  പല ഐതിഹ്യങ്ങൾ വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. സ്കന്ദപുരാണത്തിലെ പുരുഷോത്തമക്ഷേത്ര മാഹാത്മ്യവും ഒഡീഷയിലെ ജഗന്നാഥ പാരമ്പര്യത്തിൽ നിന്നുള്ള ജനപ്രിയ കഥകളുമാണ് നാം ഇവിടെ പരാമർശിക്കുന്നത്.

ഒരിക്കൽ സത്യയുഗത്തിൽ, ഇന്ദ്രദ്യുമ്നൻ എന്ന മഹാനായ ഒരു സൂര്യവംശിയായ രാജാവ് അവന്തി (ഇന്നത്തെ ഉജ്ജയിൻ) ഭരിച്ചിരുന്നു. വിഷ്ണുഭക്തനായ അദ്ദേഹത്തെ തൻ്റെ രാജ്യം നീതിയോടെയും വിശ്വസ്തതയോടെയും ഭരിക്കുന്ന ഒരു രാജാവായി കണക്കാക്കപ്പെട്ടിരുന്നു. ഒരിക്കൽ, ശ്രീകോവിലിൽ ഒരു ആരാധനാ ചടങ്ങിനിടെ, ഇന്ദ്രദ്യുമ്ന രാജാവ് അവിടെ കൂടിയിരുന്ന പുരോഹിതന്മാരെയും പണ്ഡിതന്മാരെയും കവികളെയും ജ്യോതിഷികളെയും വളരെ ബഹുമാനത്തോടെ അഭിസംബോധന ചെയ്തു. അദ്ദേഹം ആത്മാർത്ഥമായി അന്വേഷിക്കുന്നു,"നമ്മുടെ സ്വന്തം നശ്വരമായ കണ്ണുകളാൽ എവിടെയാണ് പ്രപഞ്ചത്തിൻ്റെ അധിപനായ ജഗന്നാഥനെ നമുക്ക് കാണാൻ കഴിയുന്നത്?"

രാജാവിൻ്റെ ചോദ്യത്തിന് മറുപടിയായി സഭയിൽ അറിവുള്ള ഒരു തീർത്ഥാടകൻ ബുദ്ധിപൂർവം സംസാരിക്കുന്നു, "അല്ലയോ സദ്‌വൃത്തരേ, പുണ്യ തീർത്ഥകുതുകികളെ , ഞാൻ ധാരാളം യാത്ര ചെയ്യുകയും നിരവധി പുണ്യസ്ഥലങ്ങളെക്കുറിച്ച് കേൾക്കുകയും ചെയ്തിട്ടുണ്ട്. ഭാരത ഉപഭൂഖണ്ഡത്തിൽ തെക്കേ സമുദ്ര തീരത്തായി ഓദ്ര (ഉത്കല, ഒറീസ) എന്നറിയപ്പെടുന്ന ഒരു ദേശമുണ്ട്. അവിടെ പുരുഷോത്തമക്ഷേത്രം എന്നറിയപ്പെടുന്ന അതി വിശുദ്ധമായ ഒരു ക്ഷേത്രം ഉണ്ട്.

അദ്ദേഹം തുടർന്നു, "ഈ പ്രദേശത്ത് നിബിഡവനങ്ങളാൽ ആവൃതമായ നീലഗിരി പർവ്വതം സ്ഥിതിചെയ്യുന്നു. അതിൻ്റെ ഹൃദയഭാഗത്ത് മൂന്ന് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഒരു കൽപവൃക്ഷം ഉണ്ട്. ഈ വൃക്ഷം മഹാപാപങ്ങളിൽ നിന്ന് പോലും മുക്തി പ്രദാനം ചെയ്യുന്നതാണ്. അതിൻ്റെ പടിഞ്ഞാറ് ഭാഗത്തായി പ്രസിദ്ധമായ റൗഹീന എന്ന ഒരു  കുണ്ഡം(കുളം) സ്ഥിതിചെയ്യുന്നു. ആദി കാലം തൊട്ടു സ്ഥിതി ചെയ്യുന്ന ഈ ജലത്തിന്റെ സ്പർശനത്താൽ മാത്രം മുക്തി ലഭ്യമാണ്. ഇതിൻറെ പൂർവ്വ തീരത്തായി നീലക്കല്ലുകൾ കൊണ്ട് നിർമ്മിച്ച, ശ്രീകൃഷ്ണൻ്റെ ബിംബം സ്ഥിതി ചെയ്യുന്നു. നീല കൃഷ്ണൻ  എന്നഅർത്ഥം വരുന്ന "നീൽ മാധവ്" എന്ന പേരിൽ ഭഗവാൻ അവിടെ അറിയപ്പെടുന്നു. അദ്ദേഹം വിശദീകരിക്കുന്നു, "പടിഞ്ഞാറോട്ട്, സവര (വേട്ടക്കാരൻ ഗോത്രം) ഭവനങ്ങളാൽ ചുറ്റപ്പെട്ട്, നീൽ മാധവിൻ്റെ ക്ഷേത്രത്തിലേക്ക് നയിക്കുന്ന ഒരു പാതയുണ്ട്. ഇവിടെ ഭഗവാൻ ജഗന്നാഥൻ ശംഖുചക്ര ഗദാധാരിയായി കാരുണ്യമൂർത്തിയായി തന്റെ ഭക്തർക്ക്  ഭൗതിക ലോകത്തിൻ്റെ ദുരിതങ്ങളിൽ നിന്ന് മോചനം പ്രദാനംചെയ്യുന്നു."

ശ്രീ പുരുഷോത്തമ ക്ഷേത്രത്തിൽ ഒരു വർഷം നീണ്ടുനിന്ന ആചാരാനുഷ്ഠാനങ്ങളിൽ മുഴുകി, ദൈവപ്രീതിക്കായി വനത്തിൽ വസിച്ചത് തീർത്ഥാടകൻ അനുസ്മരിച്ചു. ഇവിടെ സ്വർഗവാസികൾ സന്ദർശകരായി എത്തി കൽപ മരത്തിൽ നിന്ന് പുഷ്പങ്ങൾ വർഷിക്കുന്നതിനെക്കുറിച്ചും ആ പ്രദേശം മുഴുവൻ നിറയുന്ന സ്വർഗീയ സുഗന്ധത്തിനെ കുറിച്ചും അദ്ദേഹം വിവരിച്ചു. അദ്ദേഹം പറഞ്ഞു, ഇത് മറ്റൊരു വിഷ്ണു ക്ഷേത്രത്തിലും കാണാത്ത സമാനതകളില്ലാത്ത കാഴ്ചയാണ്.

ഒരു ആത്മജ്ഞാനവുമില്ലാത്ത താഴ്ന്ന ജീവജാതിയിൽപ്പെട്ട ഒരു കാക്ക നീൽ മാധവിനെ ദർശിക്കുന്നതിലൂടെ മാത്രം ജീവൻ മുക്തി നേടിയ പുരാതന ഐതിഹ്യത്തോടെ അദ്ദേഹം ഉപസംഹരിക്കുന്നു. 

ഈ വിവരണങ്ങളാൽ ആഴത്തിൽ പ്രഭാവിതനായ ഇന്ദ്രദ്യുമ്ന രാജാവ് തന്റെ ആത്മീയ ഉന്നതിക്കായി ഈ കഥകൾ കേൾക്കാനായി അവസരം ഉണ്ടാക്കിയ ഭഗവാന്റെ കൃപയെ നന്ദിയോടെ സ്മരിക്കുന്നു. ഈ തീർത്ഥാടകൻ പെട്ടെന്ന് അവിടെനിന്ന് അപ്രത്യക്ഷനായി. ഇത് രാജാവിനെ അത്ഭുതപ്പെടുത്തുകയും തൻ്റെ പുതിയ ആത്മീയ അന്വേഷണങ്ങൾ നിറവേറ്റാൻ കൂടുതൽ ഉത്സുകനാക്കുകയും ചെയ്തു.

നീൽ മാധവിന് വേണ്ടിയുള്ള അന്വേഷണം

ഇന്ദ്രദ്യുമ്നൻ രാജാവ് തൻ്റെ വിശ്വസ്തനായ ബ്രാഹ്മണ പുരോഹിതനായ വിദ്യാപതിയെ നീൽ മാധവിനെ കണ്ടെത്താനുള്ള ദൗത്യം ഏൽപ്പിക്കുന്നു. വിദ്യാപതി കഠിനമായ ഒരു യാത്ര ആരംഭിക്കുന്നു. അദ്ദേഹം വിദൂര ദേശങ്ങളിലൂടെ ദുർഘടമായ യാത്ര ചെയ്‌തു  സവര ഗോത്രക്കാർ വസിക്കുന്ന ഘോര വനത്തിൽ എത്തിച്ചേരുന്നു. ഒറ്റപ്പെട്ട ഈ വിദൂര പ്രദേശത്ത് വിദ്യാപതി സവരരുടെ തലവനായ വിശ്വവാസുവിനെ കണ്ടുമുട്ടുന്നു. ആദ്യം ഒന്നു സംശയിച്ചെങ്കിലും വിശ്വവാസു വിദ്യാപതിയെ തൻ്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് അഭയവും ആതിഥ്യവും നൽകുകയും ചെയ്തു.

താമസത്തിനിടയിൽ വിദ്യാപതി വിശ്വവാസുവിൻ്റെ മകളായ ലളിതയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ഒടുവിൽ അവർ വിവാഹം കഴിക്കുകയും ചെയ്യുന്നു. വിദ്യാപതി തന്റെ ദൗത്യം മറക്കാതെ വിശ്വവാസുവിനെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ദീർഘ നാളത്തേക്ക് വിശ്വവാസു കാട്ടിൽ അപ്രത്യക്ഷമാകുന്നത് വിദ്യാപതി കണ്ടു പിടിച്ചു. തൻ്റെ ശ്വശുരന്റെ രഹസ്യത്തിൽ കൗതുകം തോന്നിയ വിദ്യാപതി ഈ നിഗൂഢ യാത്രകളെ കുറിച്ച് ലളിതയോട് അന്വേഷിക്കുന്നു. കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന നീൽ മാധവനെ വിശ്വവാസു ആരാധിക്കുന്നതായി ലളിത വെളിപ്പെടുത്തുന്നു.

വിശ്വവാസു തിരിച്ചെത്തുമ്പോൾ നീൽ മാധവിനെ കാണാനുള്ള തൻ്റെ അഗാധമായ ആഗ്രഹം വിദ്യാപതി പ്രകടിപ്പിക്കുന്നു. രഹസ്യ പ്രതിജ്ഞയാൽ ബന്ധിക്കപ്പെട്ടെങ്കിലും, മകൾ ലളിതയുടെ പ്രേരണയിൽ വിശ്വവാസു ഒടുവിൽ സമ്മതിക്കുന്നു. എന്നിരുന്നാലും, കൃത്യമായ സ്ഥലം മറച്ചുവെക്കാനായി വിദ്യാപതിയുടെ  കണ്ണുകെട്ടി യാത്രയ്ക്കായി തയ്യാറാകുന്നു. വിദ്യാപതി ബുദ്ധിപൂർവ്വം കുറച്ചു കടുക് കയ്യിൽ കരുതുകയും, പോകുന്ന വഴിയിൽ കടുക് വിതറുകയും ചെയ്യുന്നു. കടുക് വിത്തുകൾ പിന്നീട് മുളയ്ക്കുമ്പോൾ വഴി കണ്ടെത്താം എന്ന ഉദ്ദേശത്തിൽ ആണ്  അദ്ദേഹം അത് ചെയ്യുന്നത് .

മറഞ്ഞിരിക്കുന്ന ഗുഹയിലെത്തിയ വിദ്യാപതി നീൽ മാധവിൻ്റെ കാഴ്ചയിൽ മതിമറന്നു. തൻ്റെ ദൗത്യം വിജയിച്ചതിനു തെളിവായി അദ്ദേഹം വിവേകപൂർവ്വം ദേവൻറെ ചില പ്രസാദങ്ങൾ എടുക്കുന്നു. ശേഷം അദ്ദേഹം സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നു. അദ്ദേഹം  വിതറിയ കടുക് മുളച്ച്  ദേവൻ്റെ സ്ഥാനത്തേക്കുള്ള പാത അടയാളമാകുന്നു.

ദൈവിക ഇടപെടലും ജഗന്നാഥ ക്ഷേത്രത്തിൻ്റെ നിർമ്മാണവും

വിദ്യാപതി നീൽ മാധവനെ കണ്ടെത്തിയ വാർത്ത ഇന്ദ്രദ്യുമ്ന രാജാവിൽ എത്തുന്നു. അദ്ദേഹം നീൽ മാധവിനെ അവന്തിയിലേക്ക് കൊണ്ടുവരാൻ തൻ്റെ പരിവാരങ്ങളോടൊപ്പം പുറപ്പെടുന്നു. കടുക് ചെടികൾ അടയാളപ്പെടുത്തിയ പാത പിന്തുടർന്ന് അവർ ഗുഹയിൽ എത്തിയെങ്കിലും ദേവൻ അവിടെ നിന്നും അപ്രത്യക്ഷനായതായി കണ്ടു. രാജാവ് ഹതാശനാകുന്നു. തീവ്രമായ ദുഖത്താൽ ഇന്ദ്രദ്യുമ്നൻ രാജാവ് മരണം വരെ ഉപവസിക്കാൻ തീരുമാനിക്കുന്നു .

ഈ നിരാശ നിറഞ്ഞ അവസരത്തിൽ ഭഗവാൻ വിഷ്ണു രാജാവിൻറെ സ്വപ്നത്തിൽ  പ്രത്യക്ഷപ്പെട്ട് തൻ്റെ ദൈവിക പദ്ധതി വെളിപ്പെടുത്തുന്നു. പുരിയിൽ ഒരു വലിയ ക്ഷേത്രം പണിയാനും ബലഭദ്രനും സുഭദ്രയ്ക്കും ഒപ്പം ഭഗവാൻ ജഗന്നാഥൻ്റെ വിഗ്രഹങ്ങൾ സ്ഥാപിക്കാനും ഭഗവാൻ രാജാവിനോട് നിർദ്ദേശിക്കുന്നു. എന്നാൽ വിഗ്രഹങ്ങൾ പണിയുന്നത് കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു വിശുദ്ധ മരത്തടിയിൽ (ദാരു) നിന്ന്  കൊത്തിയെടുക്കാനും ഭഗവൻ നിർദേശ്ശിച്ചു. അതിനാൽ, ഭഗവാൻ ജഗന്നാഥനെ "ദാരു ബ്രഹ്മൻ" എന്നും വിളിക്കുന്നു, അതായത് മരത്തടിയിൽ പ്രകടമായ ദൈവം അഥവ ബ്രഹ്മൻ.

ഭഗവാൻ വിഷ്ണുവിൻ്റെ നിർദേശത്തെ തുടർന്ന് ഇന്ദ്രദ്യുമ്ന രാജാവ് പവിത്രമായ തടി കണ്ടെത്താനുള്ള അന്വേഷണത്തിൽ ഏർപ്പെടുന്നു. ഒടുവിൽ കടലിൽ പൊങ്ങിക്കിടക്കുന്ന ദൈവിക ദാരു കണ്ടെത്തുകയും അതുമായി പുരിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ദേവതകളുടെ വാസ്തുശില്പിയായ വിശ്വകർമ്മ രാജാവിൻ്റെ മുന്നിൽ അനന്ത് മഹാറാണ എന്ന പേരിൽ ഒരു പഴയ ആശാരിയായി പ്രത്യക്ഷപ്പെടുകയും വിഗ്രഹങ്ങൾ കൊത്തിയെടുക്കാൻ സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ തൻ്റെ കൊത്തുപണി ആരും കാണാതെ കർശനമായ രഹസ്യമായിരിക്കണം എന്ന ഒരു വ്യവസ്ഥ അദ്ദേഹം മുന്നോട്ടു വച്ചു.

ജിജ്ഞാസ നിയന്ത്രിക്കാൻ കഴിയാതെ ഇന്ദ്രദ്യുമ്ന രാജാവും രാജ്ഞിയും വിശ്വകർമ്മാവ് ജോലി ചെയ്യുന്ന മുറിയുടെ വാതിൽ അകാലത്തിൽ തുറക്കുന്നു. ഈ പ്രവൃത്തിയിൽ  കോപിതനായ വിശ്വകർമ്മ അതുല്യവും ആദരണീയവുമായ വിഗ്രഹങ്ങളെ പൂർത്തിയാക്കാതെ പുരി വിടുന്നു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ അപൂർണ്ണവും എന്നാൽ ദിവ്യവുമായ ഈ ബിംബങ്ങൾ പുരിയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു അവരുടെ ആരാധനയുടെ തുടക്കം കുറിക്കുന്നു.

നീൽ മാധവിൻ്റെ കഥയും പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൻ്റെ നിർമ്മാണവും ഒഡീഷയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിൽ പതിഞ്ഞിരിക്കുന്നു. ഭഗവാൻ ജഗന്നാഥനെ ഉൾക്കൊള്ളുന്ന ആരാധനയിലൂടെ വൈവിധ്യമാർന്ന സമൂഹങ്ങളും പാരമ്പര്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ആത്മീയ ബന്ധങ്ങൾ അവർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ദ്രദ്യുമ്ന രാജാവും വിദ്യാപതിയും സവരവിലേക്കു നടത്തിയ യാത്ര ശ്രീ ജഗന്നാഥനോടുള്ള ഭക്തിയുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്ന ശാശ്വതമായ വിശ്വാസത്തിനും ഭക്തിക്കും അടിവരയിടുന്നു.

ജഗന്നാഥ സ്വാമി: ഒഡീഷയുടെ സംസ്കാരത്തിൻ്റെയും സ്വത്വത്തിൻ്റെയും ഹൃദയവും ആത്മാവും

ഒഡീഷയുടെ സംസ്കാരം, സാഹിത്യം, കവിത, ഒഡീസി പോലുള്ള നൃത്തം, ഒഡിയ ജീവിതത്തിൻ്റെ എല്ലാ മേഖലകളും ജഗന്നാഥ സ്വാമിയുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ഒഡിയ സ്വത്വത്തിന്റെ കേന്ദ്രവും ആത്മാവുമായി ഭഗവാൻ ജഗന്നാഥ് നിലകൊള്ളുന്നു. ഒഡീഷയിലെ ജനങ്ങൾ ജഗന്നാഥുമായി വളരെ അടുത്ത ബന്ധമുള്ളതിനാൽ അവർ അവനെ 'ജഗ്ഗ' (ജഗന്നാഥിൻ്റെ ചുരുക്കം), 'കാലിയ' (അവൻ്റെ ഇരുണ്ട നിറത്തെ പരാമർശിച്ച്), 'ചക ആൻഖി’(ചക്രങ്ങൾ പോലെയുള്ള കണ്ണുകളുള്ളവൻ) തുടങ്ങിയ പേരുകളിൽ സ്നേഹപൂർവ്വം വിളിക്കുന്നു. പ്രസിദ്ധമായ രഥയാത്രയ്ക്കിടെ ഭഗവാൻ ജഗന്നാഥൻ്റെ രഥങ്ങൾ അദ്ദേഹത്തിൻ്റെ ഭക്തർ അവനെ ശകാരിക്കുന്നത് വരെ നീങ്ങാൻ വിസമ്മതിച്ചതായി ഐതിഹ്യം പറയുന്നു. ഭഗവാൻ ജഗന്നാഥൻ തൻ്റെ ഭക്തരുടെ കളിയും മധുരവുമായ ശാസനകൾ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും ഇതു കേൾക്കാനായി രഥയാത്രയ്ക്കിടയിൽ അദ്ദേഹം പലയിടത്തും നിർത്തിയെന്നും പറയപ്പെടുന്നു.

ചരിത്രത്തിലുടനീളം പരിശോധിച്ചാൽ ഒഡീഷയിലെ പ്രഗത്ഭ പണ്ഡിതരായ സരൾ ദാസ്, ജഗന്നാഥ് ദാസ് എന്നിവർ ഭഗവാൻ ജഗന്നാഥൻ്റെ ദിവ്യ ലീലകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സരൾ ദാസിൻ്റെ ഒഡിയ മഹാഭാരതം, ജഗന്നാഥ ദാസിൻ്റെ ഒഡിയ ഭാഗബത എന്നിവ ഭഗവാൻ ജഗന്നാഥൻ്റെ ദൈവിക ഉത്ഭവത്തെ സങ്കീർണ്ണമായി ചിത്രീകരിക്കുന്നു. ഈ ഗ്രന്ഥങ്ങൾ ഭഗവാൻ ജഗന്നാഥനെ ശ്രീകൃഷ്ണൻ്റെ ഒരു രൂപമായി ബഹുമാനിക്കുകയും വിവിധ മതപാരമ്പര്യങ്ങളിലുടനീളം അദ്ദേഹത്തിൻ്റെ വ്യാപകമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് ജനങ്ങളുടെ ഹൃദയങ്ങളിലും മനസ്സുകളിലും ജഗന്നാഥൻ്റെ ശാശ്വതമായ സ്വാധീനം പ്രകടമാക്കുന്നു.